സ്വപ്‌നയുടെ ശബ്‌ദരേഖ: അന്വേഷണത്തിന് ഉത്തരവിട്ട് ഋഷിരാജ് സിങ്

author

സ്വര്‍‌ണക്കടത്ത് കേസ് പ്രതി സ്വ‌പ്‌ന സുരേഷിന്റെ ശബ്‌ദരേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗിന്റെ നിര്‍ദേശം. ദക്ഷിണമേഖല ഡി ഐ ജി അജയകുമാറിനാണ് അന്വേഷണ ചുമതല. ഇന്ന് രാവിലെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡി ഐ ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നേരത്തേ ആരോപിച്ചിരുന്നു. സന്ദര്‍ശകരില്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകള്‍ ഉണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദര്‍ശിക്കാന്‍ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് സന്ദര്‍ശനമെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ കെ.സുരേന്ദ്രന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ജയില്‍ വകുപ്പ് നിയമ നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിങ് മുന്നറിയിപ്പ് നല്‍കി.

സുരേന്ദ്രന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കള്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്‍ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.

ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്തായത്. ശബ്ദ സന്ദേശം പുറത്തു വന്നയുടന്‍ ജയില്‍ ഡിജിപിക്കെതിരെ പ്രതികരണവുമായി സുരേന്ദ്രന്‍ വീണ്ടും രംഗത്തെത്തിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ കിടക്കുന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് എങ്ങനെ എന്ന് അന്വേഷിച്ചിട്ട് മതി തനിക്കെതിരെയുള്ള ചന്ദ്രഹാസം എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശം അട്ടക്കുള്ള ജയിലില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നാണ് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിക്കുന്നതായി പറഞ്ഞു കൊണ്ട് സ്വ‌പ്‌ന സുരേഷിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്‌ദ സന്ദേശം വിവാദമായിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദി ക്യൂവാണ് സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു.

അതേസമയം, ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിച്ച്‌ ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ എക‌്‌സ്‌പ്രസ് മലയാളത്തിന് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൊഴിമാറ്റാന്‍ ഭീഷണി: ഗണേഷ് കുമാറിന്‍റെ സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. പ്രദീപ്കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ഇയാള്‍ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തി. ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്ന് ഭീഷണിക്കത്തുകള്‍ വന്നതോടെ വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. […]

You May Like

Subscribe US Now