ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ലക്നൗവിലേക്ക് പുറപ്പെട്ടു. അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് സ്വമേധയ എടുത്ത കേസില്‍ ഹാജരാകുന്നതിനാണ് കുടുംബം ലക്നൗവിലേക്ക് പോയത്. ഇന്നു പുലര്‍ച്ചെയാണ് ഇവര്‍ ഹത്രാസില്‍ നിന്ന് തിരിച്ചത്. ഇന്നലെ ലക്നൗവിലേക്ക് കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചെങ്കിലും രാത്രിയാത്ര ഒഴിവാക്കി കുടുംബം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കുടുംബത്തിന്റെ യാത്രയ്ക്ക് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടറും എസ്.പിയും സംഘത്തിനൊപ്പമുണ്ടെന്നും താനും അവരെ അനുഗമിക്കുന്നുണ്ടെന്നും സബ് കലക്ടര്‍ അഞ്ജലി ഗന്‍വാര്‍ പറഞ്ഞു. കുടുംബത്തിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ട്. പോലീസ് പ്രദേശത്ത് സമാധാന യോഗം വിളിച്ചുവെന്നും കിംബദന്തികളില് വിശ്വസിക്കരുതെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.പി വിനീഷ് ജയ്സ്വാള്‍ പറഞ്ഞു.