തിരുവനന്തപുരം : ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയില്‍ നിന്ന് അവധി എടുക്കുവാന്‍ ഒരുങ്ങുന്നതായി സൂചന. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സ തേടിയ അദ്ദേഹത്തിന്റെ ആദ്യഘട്ട ചികിത്സ ഫലപ്രദമായിരുന്നു. രണ്ടുമാസത്തെ വിശ്രമത്തിനുശേഷം പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടി. എന്നാല്‍ കൂടുതല്‍ പരിശോധനകളും ചികിത്സയും വേണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നല്‍കിയത്. ഇതിനെതുടര്‍ന്ന് വീണ്ടും അമേരിക്കയിലേക്ക് തുടര്‍ ചികിത്സക്ക് പോകുവാനുള്ള ആലോചനയും സജീവമാണ്. കോവിഡ് സാഹചര്യത്തിലുള്ള യാത്രയാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഗതി. എന്തായാലും പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ താല്‍ക്കാലികമായി മറ്റൊരാള്‍ക്ക് പദവി കൈമാറുവാനാണ് അവധി എന്ന നിര്‍ദ്ദേശം പാര്‍ട്ടിക്ക് മുന്പില് അദ്ദേഹം സമര്‍പ്പിക്കുന്നത്. അടുത്ത് നടക്കുന്ന സംസ്ഥാ സെക്രട്ടറിയേറ്റില്‍ ഈ നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വയ്ക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്
സുമോദ് കോവിലകം