തിരുവനന്തപുരം : വര്‍ഷങ്ങള്‍ പഴക്കമുള്ള സോളാര്‍ – ബാര്‍ കോഴ കേസുകളുടെ പേരില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ എടുത്ത കേസ് നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. വിവാദവിഷയമായ ഈ രണ്ട് കേസുകളിലും ഇപ്പോള്‍ ഇടത് മുന്നണിയുടെ ഭാഗമായ ജോസ് കെ. മാണി ഉള്ളതാണ് കേസില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുവാന് ഒരു കാരണം. പ്രതിപക്ഷ നേതാവിനോടൊപ്പം തന്നെ മുഖ്യമന്ത്രിയെ കുറിച്ചും ബിജുരമേഷ് ആക്ഷേപം ഉന്നയിച്ചതോടെ ഇനി ഈ വിഷയവുമായി മുന്നോട്ട് പോയാല്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന പാര്‍ട്ടിയിലെ പൊതു അഭിപ്രായത്തെ തുടര്‍ന്നാണ് നിലവിലുള്ള കേസുകളുടെ കാര്യത്തില്‍ പുനര്‍ചിന്തനം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കെ. എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് പിന്‍വലിക്കുവാന്‍ മുഖ്യമന്ത്രി സഹായം ചെയ്തുവെന്ന ഗുരുതര ആരോപണമാണ് ബിജുരമേശ് ഉന്നയിച്ചത്. കെ.എം. മാണിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച മൃദുസമീപനം ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ച ആയിട്ടുണ്ട് ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫ് മുന്നണിയില്‍ എടുത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഒരു വിഭാഗം സിപിഐ(എം) ല്‍ ഇപ്പോഴും ഉണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ പറയാന്‍ ധൈര്യം ഇല്ലാത്തതുകൊണ്ടുമാത്രം നിശബ്ദരായിരിക്കുന്ന ഈ വിഭാഗം പ്രവര്‍ത്തകര്‍ പലയിടത്തും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പോലും പങ്കെടുക്കുന്നില്ല.
കഴിഞ്ഞ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയ ബാര്‍ കോഴ, സോളാര്‍ തുടങ്ങിയ രണ്ട് കേസുകളിലും ജോസ് കെ. മാണിയുടെ പേര് പരാമര്‍ശ വിഷയം ആയിരുന്നു. കെ.എം. മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ കേസ് പിന്‍വലിക്കുവാന്‍ 10 കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴും അദ്ദേഹം ഈ ആരോപണത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കിലും ജോസ് കെ. മാണിക്കെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സോളാര്‍ കേസിലും ജോസ് കെ. മാണിയുടെ പേര് പരാമര്‍ശ വിഷയമാണ്. സരിത നായര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തില്‍, ജോസ് കെ. മാണിയുടെ പേരും ഉണ്ടായിരുന്നു.
ഈ സംഭവം നടന്ന 2015 ല്‍ ജോസ് കെ. മാണിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ആവശ്യപ്പെട്ടിരുന്നു. ജോസ്. കെ. മാണിയെ തള്ളി ഈ രണ്ട് കേസുമായി മുന്നോട്ടു പോകുന്നത് അസാദ്ധ്യമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ബാര്‍ കോഴ എന്നാല്‍ അത് കെ.എം. മാണിയെ ചുറ്റിപ്പറ്റി ഉള്ളതാണെന്ന ചിന്ത പൊതു സമൂഹത്തിന് ഉള്ളതിനാല്‍ ജോസ് കെ. മാണിയെ കൂടെ കൂട്ടി കോണ്‍ഗ്രസ് നേതാക്കളെ മാത്രം പ്രതിയാക്കിയാല്‍ പൊതു സമൂഹത്തിന്റെ പിന്തുണ ഉണ്ടാകില്ലെന്ന വികാരവും സിപഐ(എം) നുള്ളില്‍ ഉയരുന്നുണ്ട്. പോലീസ് ഭേദഗതി ആക്ട് 118 (എ) വകുപ്പ് നടപ്പിലാക്കിയതും പിന്നീട് അത് പിന്‍വലിച്ചു തിരിച്ചടി നേരിടേണ്ടി വന്നതും മുന്നില്‍ ഉള്ളതിനാല്‍ ഇനിയുള്ള കേസ് നടപടികളില്‍ എല്ലാം കരുതലോടെ മാത്രം മുന്നോട്ട് നീങ്ങുവാനാണ് സര്‍ക്കാര്‍ തലത്തില്‍ എടുത്തിരിക്കുന്ന തീരുമാനം. രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള നിയമ നടപടിക്ക് അനുമതി തേടി ഇപ്പോള്‍ ഗവര്‍ണര്‍ക്ക് കൊടുത്തിരിക്കുന്ന അപേക്ഷ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട എന്ന പൊതുതീരുമാനമാണ് ഇടതുമുന്നണിക്കുള്ളില്‍ നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.