അവളുടെ കാലുകൾക്ക് അന്ന് കാറ്റിനേക്കാൾ വേഗതയായിരുന്നു … ഇരുണ്ടുമൂടിയ ആകാശത്ത് നിന്നും മഴത്തുള്ളികൾ ഇറ്റിറ്റു വീണു തുടങ്ങിയിരുന്നു … അതവളുടെ കണ്ണീരിനൊപ്പം തൂത്തുകുടിയുടെ ആ കറുത്ത മണ്ണിലേക്ക് പെയ്തിറങ്ങി ….സൊക്കലിംഗപുരം സ്വദേശിനിയായ പെച്ചിയമ്മാളുടെയും ശിവന്റെയും കല്യാണം കഴിഞ്ഞ് അധികനാളുകളായിട്ടില്ല …
താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവിവരം തന്റെ പ്രിയതമനെ അറിയിക്കാൻ അവൾ കാത്തിരിക്കുകയായിരുന്നു പൊടുന്നനെയാണ് ഹൃദയാഘാതം മൂലം ശിവൻ മരണപ്പെട്ടുവെന്ന വിവരം അവളുടെ കാതുകളിലെത്തുന്നത് …
പുറംലോകത്തിന്റെ കാപട്യങ്ങൾ ഒന്നുമറിയാത്ത ഒരു 20 വയസുകാരി പെൺകുട്ടി അങ്ങനെ അവിടെ ഒറ്റപ്പെട്ടു പോകുന്നു . … അധികം വൈകാതെ തന്നെ അവളൊരു പെണ്കുഞ്ഞിനു ജന്മം നൽകുന്നു.
ചെറുപ്പം മുതലേ ദാരിദ്രത്തിന്റെ കയ്പ് അനുഭവിച്ചറിഞ്ഞ അവൾക്കു തന്റെ മകളെ നല്ല രീതിയിൽ നോക്കണമെന്നുണ്ടായിരുന്നു .
അങ്ങനെ ഉപജീവനത്തിനായി തൂത്തുക്കുടിയിലെ ഒരു ചാർക്കോൾ ഫാക്ടറിയിൽ അവൾ ജോലിക്ക് കയറി . രാത്രിയും പകലും മാറി മാറി ഷിഫ്റ്റുകളുള്ള ഒരു കമ്പനിയായിരുന്നു അത്. ഒരു നാൾ രാത്രി ഷിഫ്റ്റിനായി ഫാക്ടറിയിലേക്ക് നടന്ന അവളെ ഒരു ട്രക്ക് ഡ്രൈവർ പിന്തുടരുന്നു . അറിയാവുന്ന ഊടുവഴികളിലെല്ലാം അവൾ ഓടിക്കയറി എന്നാൽ അയാളവളെ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്നു …ഒടുവിലയാൾ പെച്ചിയമ്മാളോട് വണ്ടിക്കുള്ളിൽ കയറുവാൻ പറഞ്ഞു .
അപ്രത്യക്ഷമായി ഉണ്ടായ ആ സംഭവത്തിൽ ഞെട്ടിത്തരിച്ചുപോയെങ്കിലും വാഹനത്തിനുള്ളിൽ കയറാൻ അവൾ തയാറായില്ല … ഒരു പെണ്ണിന് കേൾക്കേണ്ടി വരുന്ന ഏറ്റവും മോശം വാക്കുകൾ അവളെ വിളിച്ചു കൊണ്ട് അയാൾ ഒടുവിൽ തിരിച്ചുപോയി ..
എന്നാൽ അന്ന് രാത്രി ജോലി ചെയ്യുമ്പോഴെല്ലാം അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു ..വളർന്നു വരുന്ന തന്റെ പെൺകുട്ടിയുടെയും ആ TRUCK ഡ്രൈവറിന്റെയും മുഖം മാറി മാറി അവളോർത്തു .ഷിഫ്റ്റ് കഴിഞ്ഞ് അതിരാവിലെ വീട്ടിലെത്തിയ അവൾ ഒരു പോള കണ്ണടച്ചില്ല …
അടുത്ത ടൗണിൽ നിന്നും തനിക്കേറ്റവും ചേർച്ചയുള്ള ഒരു ഷർട്ടും ദോത്തിയും വാങ്ങി അവൾ തിരുച്ചെന്തൂർ അമ്പലത്തിലേക്ക് തിരിച്ചു
.അവിടെയുള്ള സുബ്രമണ്യസ്വാമിക്ക് തന്റെ തലമുടി നേർച്ചയായി നൽകി ഷർട്ടും ധോത്തിയുമിട്ട് അവൾ അമ്പലത്തിനു പുറത്തിറങ്ങി . അതായിരുന്നു പെച്ചിയമ്മാളിന്റെ അന്ത്യം ..പിന്നീടു ആ രൂപത്തിൽ അവരെ ആരും കണ്ടിട്ടില്ല സ്വഭാവത്തിലും സംസാരത്തിലും പൗരുഷം നിറഞ്ഞ മുത്തുവായി അവൾ പുനർജനിച്ചു.
തൂത്തുകുടിയിലെ ഒരു ഹോട്ടലിൽ ജോലിക്ക് കയറി മുത്തു അവന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചു . ആ ഹോട്ടലിൽ തന്നെ ഷെഫായി നീണ്ട ഏഴു വർഷം. പിന്നീട് മുത്തു ചെന്നൈയിലേക്ക് താമസം മാറി … ഇന്ന് നമ്മൾ ആവശ്യപ്പെടുന്ന ഏത് വിഭവവും മുത്തു തയാറാക്കിത്തരും
അവൻ ഒരു ‘അവൾ’ ആണെന്ന് അവിടെ ആരും തിരിച്ചറിഞ്ഞില്ല .
എന്തിനു സ്വന്തം മകൾ പോലും അമ്മയുടെ ഐഡന്റിറ്റി അറിയുന്നത് അവൾക്ക് 7 വയസുള്ളപ്പോഴാണ് . ചെന്നൈയിലെ ആ തിരക്കിട്ട ജീവിതത്തിൽ താനൊരു പെണ്ണായിരുന്നു എന്ന കാര്യം അവൾ പോലും മറന്നിരുന്നു .ഒരു പെണ്ണിന്റെതായ സ്ത്രൈണഭാവങ്ങളെല്ലാം ആ നാട്ടിൽ ഒറ്റപ്പെട്ട ഒരു സ്ത്രീക്ക് നിലനില്പിനുള്ള ഭീഷണിയായിരുന്നു അതുകൊണ്ട് മുത്തു എന്ന മുഖംമുടിക്കു പുറകിൽ അവൾ അത് ഒളിപ്പിച്ചു വെച്ചു .
മകൾക്ക് 10 വയസായപ്പോൾ അവർ ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലെ കാട്ടുനായ്ക്കൻപട്ടിയിലേക്ക് താമസം മാറി .അവിടെ മുത്തു കർഷകത്തൊഴിലാളിയായി, പാരയും കോടാലിയും വിദഗ്ദ്ധമായി പ്രയോഗിക്കുന്നതിൽ ആഗ്രഹണ്യൻ ആയിത്തീർന്നു ..ആ നാട്ടിൽ താമസിയാതെ ഏറ്റവും തിരക്കുള്ള പണിക്കാരനായി മുത്തു മാറി .
ഇന്ന് മുത്തുവിന്റെ ദിവസം രാവിലെ 5 മണി മുതൽ ആരംഭിക്കുന്നു. അതിരാവിലെ ഫാമിലെത്തി, ഉച്ചയ്ക്ക് 2 മണി വരെ അവിടെ ജോലി ചെയ്ത് ശേഷം നാട്ടുകാർക്ക് ചില്ലറ സഹായമെല്ലാം ചെയ്തു രാത്രിയോടെ വീട്ടിലെത്തി ഭക്ഷണമുണ്ടാക്കുന്നു .നാട്ടിലുള്ള തൊഴിലുറപ്പിനു പോകുന്ന സ്ത്രീകൾക്കെല്ലാം മുത്തു അവരുടെ ആശാനാണ് .” കുഴി കുഴിക്കുവാനും കല്ലുകൾ ഉയർത്തുവാനും ഞങ്ങൾക്ക് മുത്തുവില്ലാതെ പറ്റില്ലെന്ന് അവർ പറയുന്നു .
ജീവിതം ഒന്ന് കരക്കടുപ്പിക്കാൻ വേണ്ടി അവളനുഭവിച്ച യാതനകൾ ഒരു പക്ഷെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും …. മുത്തുവായി മാറിയതിനു ശേഷവും ഓരോ മാസവും ഒരു സ്ത്രീക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഏഴു ദിവസങ്ങൾ അവളെങ്ങനെ നേരിട്ടുവെന്നു … 40 വയസു വരെ അതിനെ മറി കടക്കുവാൻ അവളെങ്ങനെ പിടിച്ചു നിന്നുവെന്നു … അപ്പോഴൊക്കെയും ജോലിസ്‌ഥലങ്ങളിലും മറ്റും ആണിനോടു കിട പിടിച്ചു നിന്നതെങ്ങനെയെന്നു ? ഇതിനെല്ലാം മുത്തുവിന് ഇന്നൊരു ഉത്തരമേ ഉള്ളു …
ഈ സമൂഹത്തിൽ സമ്പത്ത് കൊണ്ടും ബന്ധങ്ങൾ കൊണ്ടും ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിക്ക് നിങ്ങൾ നൽകുന്ന സുരക്ഷ എന്താണ് …? മുൻപൊരിക്കൽ ഒരു ഗ്രാമത്തിൽ ഉത്സവത്തിനായി പോയ എന്നെ ഒരു കുറ്റികാട്ടിലേക്ക് വലിച്ചിഴച്ചവർ അത്രയും വൃത്തികെട്ടതാക്കി മാറ്റി … എന്റെ മകൾക്കു നല്ലൊരു അമ്മയാകണം .. ആരെയും ആശ്രയിക്കാതെ നട്ടെല്ലു നിവർത്തി എനിക്കവൾക്കൊരു അച്ഛനുമാകണം അതിനെനിക്ക് ഈ മുഖംമൂടി ആവശ്യമായിരുന്നു .
പെയിന്റർ ,ടി മാസ്റ്റർ , കൃഷിപ്പണി , പൊറാട്ട മേക്കർ തുടങ്ങി വിവിധ ജോലികളിൽ മുത്തുവായി പകർന്നാടിയ നീണ്ട 37 വർഷങ്ങൾ … ഓരോ ബാധ്യതകൾ ഇറക്കിക്കിവെച്ചപ്പോഴേക്കും കാലം ഏറെ മുന്നോട്ട് പോയിരുന്നു ഇപ്പോൾ അവളുടെ മകൾ ഷണ്മുഖ സുന്ദരിയുടെ കല്യാണവും കഴിഞ്ഞിരിക്കുന്നു … തനിക്കും മക്കൾക്കും സുരക്ഷ നൽകിയ മുത്തുവിനെ വിട്ടൊഴിയാൻ ഇപ്പോഴും ഇവർ ഇഷ്ടപ്പെടുന്നില്ല .
.”പക്ഷെ ഈ ദിവസങ്ങളിൽ എനിക്ക് ബലഹീനത തോന്നുന്നു. എന്റെ കാവൽക്കാരനെ ഉപേക്ഷിക്കാൻ എനിക്ക് പ്രായമായി, വാർദ്ധക്യ പെൻഷനു അപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ ഞാനൊരു സ്ത്രീയാണെന്ന് തെളിയിക്കാൻ എന്റെ പക്കൽ രേഖകളില്ല. അതുകൊണ്ട് മുത്തു മാസ്റ്ററായ എനിക്ക് പെൻഷൻ കിട്ടാൻ മൂന്ന് വർഷം കൂടി കാത്തിരിക്കണം.” എന്നാണ് പേച്ചിയമ്മാൾ പറയുന്നത് .
ചെറിയ പ്രശ്നങ്ങളെ പോലും നേരിടാൻ കഴിയാത്തവർക്ക് … ചെറിയ കാരണങ്ങൾക്ക് പോലും ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുക്കുന്നവർക്ക് അവർക്കുള്ള ഒരു തുറന്ന പാഠപുസ്തകമാണ് പേച്ചിയമാളിൽ നിന്നും മുത്തുവിലേക്കുള്ള ഈ പോരാട്ടത്തിന്റെ യഥാർത്ഥ ജീവിതകഥ .