കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമം ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു നിയമം നടപ്പാക്കുമെന്ന്. കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തളിപ്പറമ്ബില് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരളമായി നമ്മുടെ സംസ്ഥാനം മാറുമ്ബോള്‍ ജനങ്ങളുടെ ഐക്യം പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൊഴില്‍തേടി അലയാത്ത നാടായി കേരളം മാറാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, യോജിച്ച സമരം പറ്റില്ലെന്നായിരുന്നു കെപിസിസി നിലപാട്. നിയമസഭ ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി.
നിയമസഭയില്‍ പ്രമേയത്തെ പിന്തുണച്ച ഗുരുവായൂരിലെ ലീഗ് സ്ഥാനാര്‍ഥി ഇപ്പോള്‍ പറയുന്നത് പൗരത്വ ഫോറം പൂരിപ്പിച്ച് നല്‍കുമെന്നാണ്. ഇതിന് പിന്നില്‍ ബിജെപിയുമായുള്ള ഒത്തുകളിയും ഗൂഢാലോചനയുമുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാന്‍ ജനങ്ങള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും പിണറായി അഭ്യര്‍ഥിച്ചു.