തൃശൂര്‍: തൃശൂര്‍ പൂരം പഴയ പടി തന്നെ നടത്തണമെന്ന ആവശ്യവുമായി തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍. ഇക്കാര്യം ജില്ല ഭരണകൂടത്തെ ഇരു സംഘങ്ങളും അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവച്ച് പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്തണമെന്നാണ് സംഘാടകരുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇരു ദേവസ്വങ്ങളും മുന്നറിയിപ്പ് നല്കി.
അതേസമയം പൂരം നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പൂരത്തിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങേണ്ടതിനാലാണ് ഇത്.
പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്-തിരുവമ്ബാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നും സംഘാടകര്‍ ആവശ്യപ്പെടുന്നു.
നേരത്തെ പൂരത്തില്‍ ആനകളുടെ എണ്ണം കുറയ്ക്കണമെന്ന നിര്‍ദേശത്തിനെതിരെ പാറമേക്കാവ് രംഗത്തെത്തിയിരുന്നു. 15 ആനയെ അനുവദിക്കണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം. പൂരത്തിന് മൂന്നു ആനയെ കൂടി കൊണ്ടുവന്നാല്‍ കോവിഡ് കൂടുമോയെന്നാണ് ദേവസ്വത്തിന്റെ ചോദ്യം. തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് തൃശൂര്‍ പൂരത്തിനെന്നാണ് ദേവസ്വം ബോര്‍ഡ് ഉന്നയിക്കുന്ന ചോദ്യം. ആളുകളെ വേണമെങ്കില്‍ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ മാത്രം നടത്തുകയായിരുന്നു. പ്രത്യേക സാഹചര്യത്തില്‍ ഒരാനപ്പുറത്തെ പൂരം പോലും ഒഴിവാക്കിയായിരുന്നു കഴിഞ്ഞ തവണ ചടങ്ങുകള്‍ നടത്തിയത്. ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. പക്ഷേ കഴിഞ്ഞ തവണ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടന്നത്. കൊടിയേറ്റവും കര്‍ശന നിയന്ത്രണങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്