കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയെ ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യം, തലശേരിയിലെ സ്ഥാനാര്‍ഥി എന്‍ ഹരികുമാര്‍ എന്നിവരുടെ സ്ഥാനാര്‍ഥി പത്രികയാണ് തള്ളിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഹര്‍ജി പരിഗണിക്കുക.
പത്രികകളില്‍ സാങ്കേതിക പിഴവുകളാണ് സംഭവിച്ചതെന്ന് കഴിഞ്ഞദിവസം ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുത്താന്‍ പറ്റുന്ന തെറ്റുകള്‍ മാത്രമാണുള്ളത്. സൂക്ഷ്മ പരിശോധന സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നതേയുള്ളു. അതിന് പകരം പത്രികകള്‍ തള്ളിയത് നീതികരിക്കാനാവില്ല. പിഴവുകള്‍ തിരുത്താന്‍ റിട്ടേണിങ് ഓഫീസര്‍ അവസരം നല്‍കിയില്ല. അതില്ലെങ്കില്‍ സ്വതന്ത്രര്‍ ആയി മത്സരിക്കാം. എ, ബി, ഫോമുകള്‍ വേണ്ടത് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനും ചിഹ്നം ലഭിക്കുന്നതിനുമാണ്. ഇതിന്റെ പേരില്‍ പത്രിക തള്ളാന്‍ ആവില്ല. ഫോം എയില്‍ ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാ എന്ന ഒറ്റകാരണം കൊണ്ട് നാമനിര്‍ദേശ പത്രിക തള്ളാനാകില്ലെന്നുമാണ് സ്ഥാനാര്‍ത്ഥികളുടെ വാദങ്ങള്‍.