കയ്പമംഗലം : മതിലകത്ത് തനിച്ച് താമസിക്കുന്ന വൃദ്ധദമ്ബതിമാരെ പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തി ആക്രമിച്ചുകൊല്ലാന്‍ ശ്രമം. തലയിലും കൈയിലും വായിലും ആയുധംകൊണ്ടുള്ള മുറിവേറ്റ വീട്ടമ്മ നിലവിളിച്ചതോടെ അക്രമികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
പരിക്കേറ്റ സുബൈദയും (60) ഹമീദും (82) ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന. മതിലകം പോലീസ് സ്റ്റേഷന് അരക്കിലോമീറ്ററോളം തെക്ക് മതില്‍മൂലയില്‍, ദേശീയപാതയോരത്തുള്ള സ്രാമ്ബിക്കല്‍ ഹമീദ്-സുബൈദ ദമ്ബതിമാരുടെ വീട്ടിലാണ് സംഭവം.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കോളിങ് ബെല്‍ അടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. കിടപ്പുമുറിയില്‍നിന്നു ഹാളിലെത്തിയ ഇവര്‍ സിറ്റൗട്ടിലേയ്ക്കുള്ള വാതില്‍ തുറന്നുനോക്കി. ആരെയും കാണാഞ്ഞതിനാല്‍ വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സിറ്റൗട്ടില്‍ പതുങ്ങിനിന്ന രണ്ടുപേര്‍ അകത്തേയ്ക്ക് തള്ളിക്കയറി ആക്രമിച്ചു.
ഇരുമ്ബുഗ്രില് സുരക്ഷയുള്ള സിറ്റൗട്ടിന്റെ വാതില്‍ ചങ്ങലയിട്ട് പൂട്ടിയിട്ടുള്ളതിനാല് പേടിക്കേണ്ടതില്ല എന്നു കരുതിയാണ് ഇരുവരും വാതില്‍ തുറന്നത്. എന്നാല്‍, എങ്ങനെയോ സിറ്റൗട്ടില്‍ കടന്നുകൂടി പതിയിരുന്ന അക്രമികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ഹമീദിനെ ചവിട്ടിവീഴ്ത്തിയിട്ട സംഘം സുബൈദയുടെ കഴുത്തില്‍ വയറിട്ട് കുരുക്കുകയും കത്തികൊണ്ട് തലയിലും കൈയിലും മുറിവേല്‍പ്പിക്കുകയും ചെയ്തു. വായിലും മുറിവേറ്റു. സുബൈദ ഉച്ചത്തില്‍ നിലവിളിച്ചതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അടുക്കളഭാഗത്തെ വാതില്‍ തുറന്നാണ് അക്രമിസംഘം രക്ഷപ്പെട്ടത്.
വീട്ടില്‍നിന്നോ സുബൈദയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ഓടിയെത്തിയ തൊട്ടടുത്ത ലക്ഷംവീട് കോളനി നിവാസികളും മറ്റുള്ളവരും ചേര്‍ന്നാണ് ദമ്ബതിമാരെ ആശുപത്രിയിലെത്തിച്ചത്.