കൊല്ലം: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച സര്‍ക്കാര്‍ ഹോമിയോ ഡോക്ടറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കോര്‍പ്പറേഷനിലെ വടക്കേവിള സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ ഡോക്ടറായ കിഴക്കേകല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ഡോ. ബിമല്‍ കുമാറാണ് (50) അറസ്റ്റിലായത്. താന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിദഗ്ദ്ധ ചികിത്സ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് അതിക്രമത്തിന് ശ്രമിച്ചത്.
– ഇക്കഴിഞ്ഞ ജനുവരി അവസാന വാരമാണ് സംഭവം. അറസ്റ്റിലായ ഡോക്ടര്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്സറിയില് ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞാണ് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അയത്തിലിലെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. യുവതിയുടെ വീട്ടുകാര്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബിമല്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.