അഹമ്മദാബാദ്: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി ബന്ധമാരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 127 പേരെ വിചാരണ കോടതി വെറുതെവിട്ടു. 2001ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എ.എന്‍ ധവയുടെ വിധി.
കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. യു.എ.പി.എ ചുമത്തുന്നതിന് കേന്ദ്രാനുമതി വേണമെന്ന പ്രാഥമിക നടപടി പോലും പൊലീസ് പൂര്‍ത്തികരിച്ചില്ലെന്നും കോടതി പറഞ്ഞു.
ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായ അഭ്യസ്തവിദ്യരടങ്ങുന്നതായിരുന്നു കുറ്റാരോപിതര്‍. സൂറത്ത് രാജശ്രീ ഹാളില്‍ 2001 ഡിസംബര്‍ 27ന് മൈനോറിറ്റീസ് എഡ്യുക്കേഷണല്‍ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നായിരുന്നു കേസ്.