തിരുവനന്തപുരം: ( 19.02.2021) കരിമഠം കോളനിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 16ന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ആറു മാസമായി പ്രതിയായ മുകേഷ് കരിമഠം കോളനിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. അയല്‍വാസിയായ രാജേഷുമായി സൗഹൃദത്തിലുമായിരുന്നു.
സംഭവ ദിവസം പ്രതിയും കുടുംബവും രാജേഷിന്റെ വീട്ടില്‍ ഒരുമിച്ച് കൂടിയാണ് കഴിച്ചത്. വീട്ടിലേക്ക് മടങ്ങിയ മുകേഷ് ഭാര്യയോട് മോശമായി പെരുമാറി എന്ന് പറഞ്ഞു തിരികെ വന്ന് രാജേഷിനെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ച രാജേഷിന്റെ ഭാര്യയെയും കുത്തി.
വിവരമറിഞ്ഞ് പാലോട് പൊലിസ് സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ശരീരമാസകലം പരിക്കേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.