ലൈഫ് പദ്ധതി സര്‍ക്കാരിന് ലൈഫ് നല്‍കില്ല: ഗ്രൂപ്പ് പോരുകളുടെ കാലഘട്ടം കഴിഞ്ഞു: കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ഐക്യത്തിന്റെ കാഹളം : പത്മജ വേണുഗോപാല്‍

author

ലൈഫ് പദ്ധതി ഇടതുമുന്നണി സര്‍ക്കാരിന് ലൈഫ് നല്‍കില്ലെന്നും ഡെത്ത് പദ്ധതിയായി ഇത് മാറിയെന്നും പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ്സിനുള്ളില്‍ ഗ്രൂപ്പ് പോരിന്റെ കാലഘട്ടം കഴിഞ്ഞുവെന്നും സമാനതകളില്ലാത്ത ഐക്യത്തിന്റെ കാഹളം ആണ് പാര്‍ട്ടിയില്‍ മുഴങ്ങുന്നതെന്നും കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് കൂടിയായ പത്മജ വേണുഗോപാല്‍ പറഞ്ഞു. കേരള ന്യൂസ് ഹണ്ടിന് നല്‍കിയ അഭിമുഖത്തിലാണ് പത്മജ മനസ്സ് തുറന്നത്.
ചോദ്യം : എം.പി. മാരടക്കമുള്ള പലരും നിയമസഭയിലേക്ക് മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നുണ്ട്?
ഉത്തരം : ഈ വാര്‍ത്ത ശരിയല്ല എന്ന് എം.പി. മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ അവസാനവാക്ക് ഹൈക്കമാന്‍ഡ് ആണ്.ഡല്‍ഹിയില്‍ നിന്നുകൂടി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതോട് കൂടി ഇതൊരു അടഞ്ഞ അധ്യായമാണ്.
ചോദ്യം : കെ.പി.സി.സി. ഭാരവാഹികളെ തെരെഞ്ഞെടുത്തപ്പോള്‍ ഗ്രൂപ്പ് സമവാക്യം നോക്കിയില്ലേ?
ഉത്തരം : കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനാണ്. പാര്‍ട്ടി ഉണ്ടെങ്കിലേ നേതാക്കള്‍ ഉള്ളൂ. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകള്‍ ഞാന്‍ അടക്കമുള്ള നേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെ എല്ലാ നേതാക്കളും തമ്മില്‍ ആലോചിച്ചാണ് കോണ്‍ഗ്രസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊളളുന്നത്. പ്രധാനപ്പെട്ട നേതാക്കന്മാര്‍ നിര്‍ദ്ദേശിച്ച പലരും കെ.പി.സി.സി. ഭാരവാഹികള്‍ ആയിട്ടുണ്ട്. അതിനെ ഗ്രൂപ്പ് രാഷ്ട്രീയം എന്ന് പറയാന്‍ കഴിയില്ല. കെ.പി.സി.സി. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എല്ലാം കഴിവുള്ളവരും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരും ആണ്.
ചോദ്യം : തൃശ്ശൂര്‍ ആണ് പത്മജയുടെ തട്ടകം. ഗ്രൂപ്പ് രാഷ്ട്രീയത്തിന് പേരുകേട്ട സ്ഥലം?
ഉത്തരം : കേരളത്തില്‍ കോണ്‍ഗ്രസ്സ് ഏറ്റവും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ജില്ലയാണ് തൃശ്ശൂര്‍. മുന്‍ കാലങ്ങളിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ നഷ്ടം ഇവിടുത്തെ ഓരോ കോണ്‍ഗ്രസ്സുകാരനും തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അടക്കം കോണ്‍ഗ്രസ് ഭരണം നേടും. നിയമസഭാ തെരെഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നായിരിക്കും കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാവുക. നേതാക്കളും സാധാരണ പ്രവര്‍ത്തകരും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ ഭരണത്തിന്റെ കെടുതികളില്‍ ജനം വലയുകയാണ്.
ചോദ്യം : കഴിഞ്ഞ തെരെഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പൂര്‍ണ്ണ സമയവും പത്മജ തൃശ്ശൂരില്‍ തന്നെയാണ് എന്നാണ് എതിരാളികള്‍ പോലും പറയുന്നത്?
ഉത്തരം : അഞ്ച് വര്‍ഷം അല്ല അതിന് മുന്‍പും ഞാന്‍ തൃശ്ശൂരില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമേ ജനസേവനം സാധ്യമാകൂ എന്ന ചിന്ത എനിക്കില്ല. ജയവും പരാജയവും ഒരുപാട് കണ്ട അച്ഛന്റെ മകളാണ് ഞാന്‍. വ്യക്തിപരമായി എന്നെ അറിയാവുന്ന രാഷ്ട്രീയ എതിരാളികള്‍ പോലും എന്നെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ് കേട്ടിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് എന്നെക്കൊണ്ട് ആവുന്ന കാര്യങ്ങള്‍ തൃശ്ശൂരില്‍ ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്.
ചോദ്യം : അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടാകുമോ?
ഉത്തരം : ഏതെങ്കിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുവാന്‍ കഴിയില്ല. കെ.പി.സി.സി. യും ഹൈക്കമാന്‍ഡും ആണ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് എന്ന പ്രധാന പദവിയിലാണ് ഞാന്‍ ഇരിക്കുന്നത്. ഇപ്പോള്‍ മുന്നിലുള്ളത് തദ്ദേശ സ്ഥാപന തെരെഞ്ഞെടുപ്പാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുകയാണ് കോണ്‍ഗ്രസ്സ് ലക്ഷ്യം.
ചോദ്യം : പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ പ്രകടനം തൃപ്തികരമാണോ?
ഉത്തരം : പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്ന ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കൊണ്ട് വന്നതാണ്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഉയര്‍ത്തിയ ആരോപണങ്ങളെ പരിഹസിച്ച മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇപ്പോള്‍ ഏത് സമയവും ജയിലില്‍ ആകുമെന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്രയധികം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനായി കേരളത്തില്‍ ഒരേ സമയം എത്തിയിട്ടില്ല. പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നത്തിന് വിദേശത്തുള്ളവര്‍ സംഭാവന നല്‍കിയ പൈസ തട്ടിയെടുത്തവരെ എന്ത് പറയാനാണ്. ലൈഫ് പദ്ധതിയില്‍ അഴിമതി നടന്നു എന്നുപറയുന്നത് പ്രതിപക്ഷം മാത്രമല്ല. സംസ്ഥാന ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൂടിയാണ്. ”ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ഡെത്ത് പദ്ധതിയായി മാറി” എന്നതില്‍ സംശയം ഇല്ല.
ചോദ്യം : കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ എന്ത് നിലപാട് ആണ് സ്വീകരിച്ചത്?
ഉത്തരം : ശരിക്കും ഈ വിഷയത്തില്‍ ഒരു വിവാദം ഇല്ല. കോണ്‍ഗ്രസ്സിലെ ചിലര്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ചര്‍ച്ചയായത്. ഞാന്‍ എന്നും എപ്പോഴും ഗാന്ധി കുടുംബത്തോട് ഒപ്പമാണ്. സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തി ഉള്ളവര്‍ ആണ് . ഇവരുടെ നേതൃപാടവം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ടതാണ്. ഹത്‌റാസില്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട കുട്ടിയുടെ വീട്ടില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് എത്തിയ രാഹുലും, പ്രിയങ്കയും നല്‍കുന്ന സന്ദേശം വലുതാണ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ് ശക്തമായി തിരിച്ച് വരും.
ചോദ്യം : അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് സാധ്യത.
ഉത്തരം : മികച്ച ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരും. അധികാര കേന്ദ്രങ്ങളില്‍ നിന്നെല്ലാം ദിവസവും ഉയരുന്ന മോശപ്പെട്ട വാര്‍ത്തകളില്‍ ഇടതുപക്ഷ അണികള്‍ പോലും അസംതൃപ്തര്‍ ആണ്. സര്‍ക്കാരിനെ തുറന്ന് കാട്ടുന്ന സമരങ്ങളുമായി പ്രതിപക്ഷം എന്നും ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരിക്കും.
അഭിമുഖം : സുമോദ് കോവിലകം

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലിബിയയില്‍ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; മോചനത്തിന് ശ്രമം തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്‍മാരെ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രസര്‍ക്കാര്‍. സപ്തംബര്‍ 14നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. എണ്ണ ഉത്പാദന, വിതരണ മേഖലയില്‍ ജോലിചെയ്തിരുന്നവരാണിവര്‍. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ അശ്‌വരിഫ് എന്ന സ്ഥലത്തുവച്ചാണ് ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോവുമ്ബോഴായിരുന്നു സംഭവം. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്രസംഘടനകളുടെയും […]

You May Like

Subscribe US Now