ന്യൂഡല്‍ഹി ∙ വഴിയറിയാത്ത ഏതു നാട്ടിലൂടെയും പോകാനുള്ള വഴികാട്ടി എന്നാണു ഗൂഗിള്‍ മാപ്പിന് ഉപയോക്താക്കള്‍ നല്കുന്ന വിശേഷണം എന്നാല്‍ ചിലപ്പോള്‍ വഴിതെറ്റിക്കുമെന്ന ചീത്തപ്പേരുമുണ്ട്. പകരം വയ്ക്കാനാവാത്ത സേവനമാണ് എന്നതില്‍ തര്‍ക്കമില്ല. ഗൂഗിള്‍ മാപ്സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇതിനായി ഐഎസ്ആര്‍ഒയും നാവിഗേഷന്‍ ദാതാവായ മാപ്മൈഇന്ത്യയും കൈകോര്‍ക്കുകയാണ്.
ഇന്ത്യന്‍ നിര്‍മിത മാപ്പിങ് പോര്‍ട്ടല്‍, ജിയോസ്പേഷ്യല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഐഎസ്ആര്‍ഒയുമായി ഒരുമിക്കുകയാണെന്നു മാപ്മൈഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹന് വര്‍മ പറഞ്ഞു. ‘ഈ സഹകരണം ആത്മനിര്‍ഭര്‍ ഭാരതിനെ ഉത്തേജിപ്പിക്കും. ഭാവിയില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇവിടെ നിര്‍മിച്ച ആപ്പിനെ ആശ്രയിക്കാം, വിദേശത്തു രൂപകല്പന ചെയ്തതിന്റെ സേവനം തേടേണ്ടതില്ല. ഇനി ഗൂഗിള്‍ മാപ്സ് / എര്‍ത്ത് എന്നിവയുടെ ആവശ്യമില്ല’- ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വര്‍മ അഭിപ്രായപ്പെട്ടു.
മാപ്മൈഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്പേഷ്യല്‍ ടെക്നോളജി കമ്ബനി സിഇ ഇന്‍ഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐഎസ്ആര്‍ഒ ഉള്‍പ്പെടുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസ് ധാരണാപത്രം ഒപ്പിട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഐഎസ്ആര്‍ഒ ഇതിനകംതന്നെ നാവിക് (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം – ഐആര്‍എന്‍എസ്എസ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംയോജിത പങ്കാളിത്തത്തിലൂടെ മാപ്മൈഇന്ത്യയും ഐഎസ്ആര്‍ഒയും പരസ്പരം സേവനങ്ങളും സാങ്കേതികവിദ്യകളും കൈമാറും..