ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1178 പ്രൊഫൈലുകള്‍ പൂട്ടണമെന്ന് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പാകിസ്താന് പിന്തുണയുള്ളതോ ഖലിസ്താന്‍ അനുഭാവം പുലര്‍ത്തുന്നതോ ആയ അക്കൗണ്ടുകള്‍ പൂട്ടണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ട്വിറ്ററിലെ 257 അക്കൗണ്ടുകള്‍ തടയാന്‍ കേന്ദ്രം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുടുതല്‍ അക്കൗണ്ടുകള്‍ പൂട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം.
ഐ.ടി നിയമത്തിലെ വകുപ്പ് 69 എ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശവും ട്വിറ്ററിന് നല്കി. എന്നാല്‍ സര്‍ക്കാറിന്റെ ആവശ്യത്തോട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ഇൗ അക്കൗണ്ടുകള്‍ ഖാലിസ്ഥാനി അനുഭാവികളോ പാകിസ്താന് പിന്തുണയുള്ളതോ വിദേശത്തുനിന്ന് പ്രവര്‍ത്തിക്കുന്നതോ ആണ്. ഇവ കര്‍ഷകരുടെ തെറ്റായ വിവരങ്ങള്‍, പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ പങ്കുവെക്കാന്‍ ഉപയോഗിക്കുന്നു’ -സര്‍ക്കാര്‍ പറയുന്നു. രാജ്യത്തെ ക്രമസമാധാനത്തിന് ഈ അക്കൗണ്ടുകള്‍ ഭീഷണിയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കര്‍ഷക സമരത്തെ അനുകൂലിച്ച് സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍ കിറ്റ് വിവാദമായിരുന്നു. ടൂള്‍കിറ്റിന് പിന്നില്‍ ഖലിസ്താന്‍ അനുകുല സംഘടനയാെണന്ന വാദവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തിയിരുന്നു. കൂടാതെ ഇതിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും രംഗത്തെത്തിയിരുന്നു.