ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റര്‍. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റര്‍ മരവിപ്പിച്ചു. 1,398 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ബാക്കി അക്കൗണ്ടുകളെ സംബന്ധിച്ചുള്ള നടപടികള്‍ ട്വിറ്റര്‍ ആരംഭിച്ചതായാണ് വിവരം. ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ മാറ്റമുണ്ടാകുമെന്നും ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
ചെങ്കോട്ടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളുമാണ് നീക്കം ചെയ്യുന്നത്. അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും പറ്റില്ലെന്നും നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍നിലപാട് മയപ്പെടുത്തി ട്വിറ്റര്‍ സര്‍ക്കാരിന് വഴങ്ങിയത്.