ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദിന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരഭരിത നിമിഷങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ വികാരാധീനനായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായുള്ള അടുപ്പവും അദ്ദേഹം നല്കിയ സേവനങ്ങളും വിവരിക്കവേ മോദി കരഞ്ഞു. പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു. നിമിഷങ്ങളോളം വാക്കുകള്‍ കിട്ടാതെ സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്.
ഗുലാം നബിയെ യഥാര്‍ഥ സുഹൃത്ത് എന്നാണ് മോദി വിശേഷിപ്പിച്ചത്. ‘സ്ഥാനമാനങ്ങള്‍ വരും, ഉയര്‍ന്ന പദവികള്‍ വരും, അധികാരം കൈവരും. ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടുപഠിക്കണം. ഒരു യാഥാര്‍ഥ സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹത്തെ വിരമിക്കാന്‍ അനുവദിക്കില്ല. അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടുന്നത് തുടരും. എന്റെ വാതിലുകള്‍ എന്നും താങ്കള്‍ക്കായി തുറന്നുകിടക്കും’ – പ്രധാനമന്ത്രി പറഞ്ഞു.