ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാസിപൂര്‍ അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന പ്രദേശവാസികള്‍ ശനിയാഴ്ച കര്‍ഷകരുടെ പ്രക്ഷോഭത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ 80 ദിവസമായി കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അതിര്‍ത്തിക്കടുത്തുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്, ഇതിനാലാണ് പ്രദേശവാസികള്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്നത്.2020 നവംബര്‍ 26 മുതല്‍ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇടനിലക്കാര്‍ ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ് .
ഇവര്‍ ഖാസിപൂര്‍ അതിര്‍ത്തിയില്‍ ഇരിക്കുകയാണ്, റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിന് ശേഷം ഇവര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പ്രാദേശിക ഭരണകൂടം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ നിന്ന് ദില്ലിയിലേക്കു ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും പോകുന്ന പ്രദേശവാസികള്‍ ആണ്. ഇവര്‍ മണിക്കൂറുകളോളം തെരുവുകളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നത് മൂലം, ഒരു കൂട്ടം പ്രദേശവാസികള്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരെ ‘ധര്‍ണ’ ഇരുന്നു.
അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ തുടര്‍ച്ചയായ പ്രതിഷേധത്തില്‍ വളരെയേറെ പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും പ്രതിഷേധം ഉടന്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ദേശീയ പതാക അക്രമവും അപമാനവും നടത്തിയതിനെത്തുടര്‍ന്ന് ജനുവരി 29 ന് മറ്റൊരു പ്രതിഷേധ സ്ഥലമായ സിങ്കുവിലും നാട്ടുകാര്‍ സമാനമായ പ്രതിഷേധം പ്രകടിപ്പിച്ചു.
അക്രമാസക്തരായ ഈ ‘കര്‍ഷകര്‍’ തങ്ങളുടെ പ്രദേശത്ത് റോഡുകള്‍ തടയുന്നതിനെതിരെ സിങ്കുവിലെ ഗ്രാമവാസികള്‍ മുദ്രാവാക്യം വിളിക്കുകയും എതിര്‍ത്തപ്പോള്‍, ‘കര്‍ഷക പ്രക്ഷോഭകര്‍’ അവരുമായും പൊലീസുമായും അക്രമാസക്തമായി ഏറ്റുമുട്ടുകയും ചെയ്തു. അലിപൂര്‍ പിഎസില്‍ നിന്നുള്ള എസ്എച്ച്ഒ പ്രദീപ് പലിവാള്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ ‘കര്ഷകപ്രക്ഷോഭകന്’ വാളുകൊണ്ട് ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും, വാര്‍ത്താ ഏജന്‍സിയായ ANI ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ നാട്ടുകാര്‍ തന്നെയാണോ ഇവരെന്ന് സംശയിക്കുകയും അവര്‍ RSS-BJP പ്രവര്‍ത്തകരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.