ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ചും സ്തംഭിപ്പിച്ചും കര്‍ഷകര്‍ തുടരുന്ന പ്രക്ഷോഭം നൂറാം നാളിലേക്ക്. 100 ദിനത്തിനുള്ളില്‍ 108 കര്‍ഷകരാണ് സമരഭൂമിയില്‍ മരണപ്പെട്ടത്. മോദിസര്‍ക്കാര്‍ പാസാക്കിയ മൂന്ന് പുതിയ കര്‍ഷകനിയമങ്ങള്‍ക്കെതിരെ 2020 നവംബര്‍ 27 നാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ആരംഭിച്ചത്. അടിച്ചമര്‍ത്താന്‍ ഭരണകൂടം അതിന്റെ എല്ലാവിധ ആയുധങ്ങളും ഉപയോഗിച്ചെങ്കിലും കര്‍ഷകര്‍ പിന്മാറിയില്ല. ഡിസംബര്‍ 20, ഡല്‍ഹിയുടെ മണ്ണിലും വിണ്ണിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് (3.4 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തിയപ്പോഴും, കര്‍ഷകര്‍ പിന്തിരിഞ്ഞില്ല.
സ്ത്രീകളും കുട്ടികളും പ്രായമായവരുമൊക്കെ കൊടുംതണുപ്പിനെ വകവെക്കാതെ സമരഭൂമിയായ രാജ്യതലസ്ഥാനത്തേക്ക് ഒഴുകുകയായിരുന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കുട്ടികളെയുമെടുത്ത് ഡല്‍ഹിയിലേക്ക് നടന്നുവന്ന സ്ത്രീകള്‍ സമരത്തിന് കരുത്തു പകര്‍ന്നു. കൊടും തണുപ്പില്‍ അവര്‍ ദേശീയ പാതയോരത്തെ ടെന്റുകളിലും ട്രാക്റ്ററുകളിലുമിരുന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. തെരുവില്‍ പൊലീസിനും സേനക്കുമെതിരെ പോരിനിറങ്ങിയപ്പോള്‍ ഭരണകൂടം പലപ്പോഴും പതറി. യു.പിയിലും ഹരിയാനയിലും സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്തുകളില്‍ പതിനായിരങ്ങള്‍ അണിനിരന്നതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കര്‍ഷകസമരം കടുത്തവെല്ലുവിളി ഉയര്‍ത്തി.
സമരം ആഗോള തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐക്യദാര്‍ഢ്യം ഉയര്‍ന്നതും കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.അണുമണിത്തൂക്കം പിന്മാറില്ലെന്ന കര്‍ഷകരുടെ ഉറച്ച നിലപാടില്‍ ആ ചര്‍ച്ചകളൊക്കെയും പരാജയപ്പെടുകയായിരുന്നു. സര്‍ക്കാരുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന നിലപാടിലാണ് കര്‍ഷകസംഘടനകള്‍. എന്നാല്‍, പുതിയ നിര്‍ദേശം മുന്നോട്ടുവയ്ക്കണം. മൂന്ന് നിയമവും പിന്‍വലിക്കുംവരെ കര്‍ഷകസമരം തുടരാനാണ് തീരുമാനം.