നല്‍ഗൊണ്ട: നിവേദനം കൊടുക്കാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവരെ നായ്ക്കളുമായി താരതമ്യപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
നല്‍ഗൊണ്ട ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പടെയുളള ഒരു സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനായി എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.നിവേദനം നല്കിക്കഴിഞ്ഞല്ലോ, ഇനി ശല്യപ്പെടുത്താതെ പോകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇവിടെ നില്ക്കാന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശാന്തരായിനില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധാരാളം ആളുകളെ കണ്ടിട്ടുണ്ടെന്നും നിങ്ങളെ പോലെ ധാരാളം നായ്ക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ‘നാഗാര്‍ജുന സാഗറിലെ പൊതുപരിപാടിയില്‍വെച്ച് മുഖ്യമന്ത്രി സ്ത്രീകളെ നായ്ക്കളെന്ന് വിളിച്ചു.
ഇത് ഒരു ജനാധിപത്യ രാജ്യമാണെന്ന് മറക്കരുത്. അവിടെ നില്ക്കുന്ന സ്ത്രീകളാണ് ഇന്ന് നിങ്ങള്‍ ഈ പദവിയില്‍ ഇരിക്കുന്നതിന് കാരണം. അവരാണ് നമ്മുടെ മേലാധികാരികള്‍. മാപ്പുപറയണം ചന്ദ്രശേഖര്‍.’ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് സമിതിയുടെ ചുമതലയുളള മാണിക്കം ടാഗോര്‍ പറഞ്ഞു.