കൊല്ലം: യുഡിഎഫ് പ്രകടന പത്രികയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇതിനായി മത്സ്യ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിന്‍വലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി. കേരളത്തില്‍ മത്സ്യസമ്ബത്ത് ഇല്ലാതാകുന്നതിന് താന്‍ സാക്ഷിയെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയപ്പോഴാണ് അവരുടെ കഷ്ടപ്പാട് മനസിലായത്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ മന്ത്രാലയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധന വില ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടു പോകുന്നത് മറ്റുചിലരെന്നും രാഹുല്‍. മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തെ താന്‍ ആരാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കുമേല്‍ ചുമത്തുന്ന നികുതിയില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ഏറ്റവും ഉറപ്പുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. പ്രകടന പത്രികയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തുന്നുവോ അതെല്ലാം നടപ്പിലാക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.