മുംബൈ: പുതിയ പോലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റതിന് പിന്നാലെ മുംബൈ പൊലീസില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ട സ്ഥലം മാറ്റം. ക്രൈം ബ്രാഞ്ചില്‍ പ്രമാദമായ കേസുകള്‍ അന്വേഷിച്ചിരുന്ന മുതിര്‍ന്ന ഉദ്യോസ്ഥരെയടക്കം 86 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ട്രാഫിക് അടക്കം വിവിധ സ്റ്റേഷനുകളിലേക്കാണ് മിക്കവരെയും മാറ്റിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ കാറില്‍ സ്ഫോടകവസ്തു കണ്ടെത്തിയ കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് സച്ചിന് വാസയുടെ സഹപ്രവര്‍ത്തകരെ ഉള്‍പ്പടെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ദവ് താക്കറയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സ്ഥലമാറ്റ നടപടികള്‍ തുടങ്ങിയത്. ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ വാസയുടെ സഹപ്രവര്‍ത്തകനും അസി. ഇന്‍സ്പെക്ടര്‍മാരുമായ റിയാസുദ്ദീന്‍ കാസിയെ ലോക്കല്‍ ആംസ് യൂനിറ്റിലേക്ക് തരംതാഴ്ത്തിയാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.
മറ്റൊരുദ്യോഗസ്ഥനായ പ്രകാശ് ഹൊവാള്‍ഡിനെ മലബാര്‍ ഹില്‍ പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. 65 ഓളം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ പലരെയും സ്പെഷ്യല്‍ ബ്രാഞ്ചിലേക്കും ട്രാഫിക്കിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അതെ സമയം പൊലീസുകാരുടെ കൂട്ടസ്ഥലംമാറ്റത്തെ അപലപിച്ച് ബി.ജെ.പി. രംഗത്തെത്തി.