ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ പ്രമേയത്തിന്മേല് ഗവര്‍ണര്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടത് വിവാദത്തിലേക്ക് .വിഷയത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രപതിയുടെ പരിഗണനക്കുവിട്ടതോടെ പ്രതികളുടെ ജയില്‍ മോചനം വൈകുമെന്ന് ഉറപ്പായി. ഒരു വിഭാഗം നിയമജ്ഞരും ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു .
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡി.എം.കെ ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും തമിഴ് സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയത് ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികളെ സമ്മര്‍ദ്ദത്തിലാക്കി ..
അതെ സമയം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഒളിച്ചുകളിയാണിതിന് പിന്നിലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് ആരോപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി രാഷ്ട്രപതിയെ കാണണമെന്നും ഡി.എം.കെ എം.പിമാര്‍ കൂടെ വരാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം എ.ജി പേരറിവാളന് ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനുള്ള തമിഴ്നാട് മന്ത്രിസഭ പാസാക്കിയ ശിപാര്‍ശ 2018 സെപ്റ്റം. 11ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് അയച്ചിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ രണ്ടുവര്‍ഷത്തിലേറെയായി തീരുമാനമെടുക്കാതെ ഗവര്‍ണര്‍ നീട്ടുകയായിരുന്നു .