രാജ്യത്ത് ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്ക് നേരിട്ട് നല്കുന്ന ഒരു ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ ഹാജരാക്കാന്‍ ആഗ്രഹിക്കുന്ന 20 ബില്ലുകളില്‍ ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാനുള്ള ബില്ലും ഉള്‍പ്പെടുന്നു.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും ഔദ്യോഗിക ക്രിപ്റ്റോകറന്‍സി എന്നാണ് പറയുന്നത്. ഇക്കാര്യം ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തേക്കും. എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെയും വ്യാപാരം ഇന്ത്യയില്‍ പരിപൂര്‍ണമായി നിരോധിച്ചേക്കും.
എന്നാല്‍ അവയില്‍ ഉപയോഗിച്ചിരക്കുന്ന സാങ്കേതികവിദ്യ സ്വന്തമായി ഉപയോഗിക്കാനുമായിരിക്കും രാജ്യം ശ്രമിക്കുക. പുറത്തുനിന്നുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും കടുത്ത പിഴയും അടക്കമുള്ള ശിക്ഷ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം 2019ല്‍ സര്‍ക്കാര്‍ പാനല്‍ മുന്നോട്ട്വച്ചിരുന്നു.
അതേസമയം, ഇന്ത്യ സ്വന്തമായി ഒരു ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്ന കാര്യവും പാനല്‍ പറഞ്ഞിരുന്നു. ഇത് റിസര്‍വ് ബാങ്ക് ഇറക്കുന്ന ബാങ്ക് നോട്ടുകള്‍ പോലെയായിരിക്കും പ്രവര്‍ത്തിക്കുക.