കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. അസമില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഉള്‍പെടെ ആറ് ക്രിമിനല്‍ കേസുകള്‍, നന്ദിഗ്രാമില്‍ സമര്‍പിച്ച നാമനിര്‍ദേശപത്രികയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മറച്ചുവെച്ചു എന്നാരോപിച്ചാണ് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. കേസ് വിവരങ്ങള്‍ മറച്ചുവെച്ച മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
ബംഗാള്‍ ബിജെപിയും ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തോട് തൃണമൂല്‍ കേന്ദ്രങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പൈതൃകം സംബന്ധിച്ച്, സുവേന്ദു അധികാരിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മണ്ഡലത്തില്‍ രൂക്ഷമാണ്. പ്രചാരണത്തിനിടെ സുവേന്ദുവിനു നേരെ പലയിടത്തും പ്രതിഷേധങ്ങള്‍ ഉണ്ടായി.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന് പ്രകടനപത്രിക ബുധമാഴ്ച പുറത്തിറങ്ങും. രണ്ടുതവണ മാറ്റിവച്ച ശേഷമാണ് പ്രകടനപത്രിക മുഖ്യമന്ത്രി പുറത്തിറക്കുന്നത്. സ്ത്രീ ശാക്തീകരണം, തൊഴില്‍ എന്നിവയ്ക്ക് ആവും പ്രകടനപത്രികയില്‍ ഊന്നല്‍ എന്ന് തൃണമൂല്‍ നേതൃത്വം അറിയിച്ചു.
സാഹചര്യം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് സംസ്ഥാനത്തേക്ക് നാലാമത്തെ നിരീക്ഷകനെ അയച്ചു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് അനില്‍കുമാര്‍ ശര്‍മയെയാണ് ബംഗാളിലേക്കുള്ള നാലാമത്തെ നിരീക്ഷകനായി തെരഞ്ഞെടുപ്പ് കമീഷന് നിയോഗിച്ചിരിക്കുന്നത്.