കൊല്ലം: ശബരിമല യുവതീപ്രവേശന വിഷയം മൂലമാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 19 സീറ്റ് ലഭിച്ചതെന്നും അതിന്റെ കാരണം താനാണെന്നും അവകശപ്പെട്ട് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമായ പ്രയാര്‍ ഗോപാലകൃഷ്ണന്. ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ പരസ്യമായാണ് ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
‘ചടയമംഗലത്ത് മത്സരിക്കാന്‍ എനിക്ക് യോഗ്യതയുണ്ടെങ്കില്‍ എനിക്ക് സീറ്റ് തരണം. യോഗ്യതയില്ലെങ്കില്‍ വേണ്ട. പലരും ഇവിടെ ആഗ്രഹിച്ചിട്ടുണ്ട്. അവര്‍ക്ക് സീറ്റ് കൊടുക്കുന്നതിനൊന്നും ഞാന്‍ എതിരല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 എംപിമാര്‍ ഉണ്ടായതിന്റെ സാഹചര്യം ശബരിമലയാണ്. എടുത്ത ശക്തമായ നിലപാടാണ്. കേസ് പിന്‍വലിക്കണമെന്ന ശക്തമായ നിര്‍ദേശം വെച്ചത് ഞാന്‍ തന്നെയാണ്. എനിക്ക് സീറ്റ് തരണം. യു.ഡി.എഫ് അധികാരത്തില്‍ എത്തണം. കാരണം എനിക്ക് വീണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടാവണം. ‘ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഏണി ചിഹ്നത്തില്‍ മത്സരിച്ച മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എത്ര വോട്ടിനാണ് തോറ്റതെന്ന് ഓര്‍മ്മ വേണം. ചടയമംഗലം സീറ്റിനെ കുറിച്ച് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്ക് ധാരണ വേണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ലീഗിന് യാതൊരു സ്വാധീനവും ഇല്ലാത്ത മണ്ഡലമാണിതെന്നും പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പോലും വന്‍പരാജയം നേരിടേണ്ടിവരുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.