കടംവാങ്ങിയല്ല, വരുമാനം കണ്ടെത്തി യു.ഡി.എഫ് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കും -ശശി തരൂര്‍

User
0 0
Read Time:10 Minute, 11 Second

കല്‍പറ്റ: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നത്​ കടംവാങ്ങിയായിരിക്കില്ല,വരുമാനം കണ്ടെത്തിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. കല്‍പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച എര്‍മജിങ്​ കല്‍പറ്റ ‘യൂത്ത് ഇന്‍ ഡയലോഗ്​’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ ന്യായ് പദ്ധതി രാജ്യത്തെ ഏത് സംസ്ഥാനത്തും നടപ്പാക്കാനാവുന്ന വിധത്തില്‍ 2019 ലോക്​സഭ തിരഞ്ഞെടുപ്പ് വേളയില്‍ ആവിഷ്‌ക്കരിച്ചതാണ്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വരുമാനമാര്‍ഗം കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനം. ഇടതുസര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി കടം വാങ്ങിയാണ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. നികുതിഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമുണ്ടാകും.

ന്യായ് പദ്ധതി, 40 കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് 2000 രൂപ പെന്‍ഷന്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ യു.ഡി.എഫ് നടപ്പിലാക്കാന്‍ പോകുന്നത് കടം വാങ്ങിയിട്ടായിരിക്കില്ല. നിക്ഷേപങ്ങളിലൂടെ പണം സമാഹരിക്കാനാണ് ഐക്യമുന്നണി ലക്ഷ്യമിടുന്നത്. ഐ.ടി മേഖലയില്‍ നിരവധി നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പുതിയ ഐ ടി ആക്‌ട് കൊണ്ടുവരും. നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത കൂടി സര്‍ക്കാരിനുണ്ട്. അതിന്‍റെ ഭാഗമായാണ് ഈ നിയമം. ആളുകളെത്തിയാല്‍ വ്യവസായം ആരംഭിക്കാന്‍ അനുമതി കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രധാനപ്രശ്നം. അതെല്ലാം മാറ്റി ഇവിടം നിക്ഷേപസൗഹൃദമാക്കണം. നിക്ഷേപകര്‍ കൂടുതലെത്തുന്നതോടെ സംസ്ഥാനത്ത് വളര്‍ച്ചയുണ്ടാകും, നികുതി വരുമാനം ക്രമാതീതമായി വര്‍ധിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. കടം വാങ്ങുന്നതിന് പകരം ഇത്തരത്തില്‍ നിക്ഷേപകരെയെത്തിച്ച്‌​ വരുമാനമുണ്ടാക്കി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും തരൂര്‍ പറഞ്ഞു.

കേരളത്തിലെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിനും കായികമേളയുടെ വളര്‍ച്ചക്കുമായി സ്പോര്‍ട്സ് യൂനിവേഴ്സിറ്റി സ്ഥാപിക്കും. തീരദേശത്ത് വാട്ടര് സ്പോര്‍ട്സ്​ പദ്ധ​തി പ്രാവര്‍ത്തികമാക്കും. കേരളത്തിലും പ്രത്യേകിച്ച്‌ വയനാട്ടിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ടൂറിസത്തിന് സാധ്യതകളേറെയാണെന്നും അത്തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ അത്യാധുനിക സൗകര്യങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിലെ സ്വകാര്യ യൂനിവേഴ്സിറ്റികളുടെ ക്യാംപസ് കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ ഉന്നത വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സാധിക്കും. സ്ഥലത്തിന്‍റെ നിയന്ത്രണാതീതമായ വിലയാണ് ഇതിനുള്ള ഒരു തടസം. അത് മറികടക്കാന്‍ താരതമ്യേന വയനാട് പോലുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശയൂനിവേഴ്സിറ്റികളുടെ ക്യാംപസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി വിദേശയൂനിവേഴ്സിറ്റികളുടെ ക്യാംപസ് കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ തടസങ്ങളില്ല. കേരളത്തില്‍ പഠിച്ചാല്‍ ജോലി കിട്ടുമെന്ന രീതിയിലേക്ക് ഇത്തരത്തില്‍ ഇവിടുത്തെ വിദ്യാഭ്യാസമേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്​.

ജോലികള്‍ ഒഴിവുവരുമ്ബോള്‍ അത് പാര്‍ട്ടി അനുഭാവികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്നത് നിര്‍ത്തണം. അത്തരം നടപടികള്‍ നിയമവിരുദ്ധമാക്കും. അതോടെ പരീക്ഷ പാസാക്കുന്ന റാങ്ക്ലിസ്റ്റിലുള്ളവര്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പോലുള്ള ജില്ലകളിലെ ആദിവാസി വിഭാഗങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിപണനം നടത്തുന്നതിനായി ട്രൈബല്‍ പ്രൊഡക്‌ട്സ് പ്രൊമോഷന്‍ ബോര്‍ഡ് ഉണ്ടാക്കാനാണ് യു.ഡി.എഫ് പദ്ധതിയിടുന്നത്. ആദിവാസി ഉല്പന്നങ്ങള്‍ മികച്ച വില അവര്‍ക്ക് നല്‍കി വാങ്ങി വെബ്സൈറ്റ് മുഖേന അന്താരാഷ്ട്രതലത്തില്‍ വിപണി കണ്ടുപിടിച്ച്‌ വില്‍പന നടത്തും. ഇത് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്​. യു.ഡി.എഫിന്റെ പ്രകടനപത്രിക വാതിലടച്ചിരുന്ന് ഉണ്ടാക്കിയതല്ല, എല്ലാവിഭാഗം ജനങ്ങളെയും നേരില്‍ കണ്ട് ആവിഷ്‌ക്കരിച്ചതാണെന്നും തരൂര്‍ പറഞ്ഞു.

ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നടപടി സ്വീകരിക്കും. അവകാശമില്ലാതെ കൈവശം വെച്ച്‌ വരുന്ന നിരവധി ഭൂമി സംസ്ഥാനത്തുണ്ട്. ഇത് സര്‍വെ നടത്തി കണ്ടെത്തി ആ ഭൂമിയടക്കം ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കും. വനത്തിന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് അതിനനുസരിച്ച്‌ സൗകര്യങ്ങളൊരുക്കും. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികളും യു.ഡി.എഫ് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് തീരുമാനങ്ങള്‍ പൊതുമാനദണ്ഡലം പാലിച്ചല്ല. യു ഡി എഫിന്റെ ലക്ഷ്യം എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണെന്നും ബഫര്‍സോണുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

2019 തിരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 63 ശതമാനം ജനം ബി.ജെ.പിയെ അംഗീകരിക്കുന്നില്ല. ഈ വോട്ടുകള്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ചിതറിപ്പോകുകയായിരുന്നു. പ്രതിപക്ഷം ഒരുമിച്ച്‌ നീങ്ങിയാല്‍ വിജയം നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടെ ബി ജെ പി ഒരു വലിയ ഘടകമല്ല. കേരളത്തിന് പുറത്ത് എല്ലായിടത്തും സാന്നിധ്യമുള്ള ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി ടി സിദ്ധിഖും മണ്ഡലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വികസനപദ്ധതികളെക്കുറിച്ച്‌​ സംസാരിച്ചു.

യു.ഡി.വൈ.എഫ് ചെയര്‍മാന്‍ സി.ടി. ഹുനൈസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എബിന്‍ മുട്ടപ്പള്ളി, എ.ഐ.സി.സി. നിരീക്ഷക വെറോണിക്ക, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.പി.എ.കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, ജില്ല പ്രസിഡന്‍റ്​ എം.പി. നവാസ്, നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പറ്റ, കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, ടി.ജെ. ഐസക്ക്, പി.പി. ആലി, ബിനു തോമസ്, കേയംതൊടി മുജീബ്, സലീം മേമന, യഹ്യാഖാന്‍ തലക്കല്‍. ടി. ഹംസ, ജിജോ പൊടിമറ്റം, പി.പി. ഷൈജല്‍, സി. ശിഹാബ്, സി.എച്ച്‌. ഫസല്‍, സി.കെ.അബ്ദുള്‍ ഗഫൂര്‍, ഷൈജല്‍ വി.സി, രോഹിത് ബോധി, അഡ്വ. രാജേഷ് കുമാര്‍, അരുണ്‍ദേവ്, മുഫീദ തസ്‌നി എന്നിവര്‍ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആദായനികുതി വകുപ്പ് കാണിക്കുന്നത് ശുദ്ധതെമ്മാടിത്തരം; കിഫ്ബി ആസ്ഥാനത്തെ പരിശോധനക്കെതിരെ ധനമന്ത്രി

കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെ ആഞ്ഞടിച്ച ധനമന്ത്രി തോമസ് ഐസക്. ആദായ നികുതി വകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിത്, ഇതിന് ജനം തിരിച്ചടി നല്‍കുമെന്നും തോമസ് ഐസക് പ്രതികരിച്ചു. ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച്‌ മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. കരാറുകാരുടെ നികുതി […]

You May Like

Subscribe US Now