തിരുവനന്തപുരം : കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ സിപിഎം ആസൂത്രിത നീക്കം നടത്തി നാല് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ എ ഐ സി സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കും. കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
‘കേരളം ഉറങ്ങുമ്ബോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ഒരുപാട് വിഷയങ്ങളുന്നയിച്ചു. ഒരു വിഷയം കഴിഞ്ഞപ്പോള്‍ അടുത്ത വിഷയം വന്നു. എല്ലാത്തിനും എനിക്കൊപ്പം എന്റെ പാര്ട്ടിയുമുണ്ടായിരുന്നു’ എന്നും ചെന്നിത്തല വ്യക്തമാക്കി.
താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പിന്നോട്ട് പോയി. പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുക തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ഹൈക്കമാന്‍ഡ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കും. താന്‍ പ്രതിപക്ഷ നേതാവായി ഇരിക്കുന്ന കാലഘട്ടത്തില്‍ യു ഡി എഫ് തിരികെ വരണമെന്നത് മാത്രമാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.