കൊച്ചി: നടി അക്രമിയ്ക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാകണം എന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന് ഹര്‍ജിയില്‍ ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റന്‍ ദിലീപ് ശ്രമിച്ചു എന്നും ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യുഷന് കോടതിയെ സമീപിച്ചത്.
കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് വിപിന്‍ലാലിനെ പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയത് എന്നാണ്. പ്രോസിക്യൂഷന്റെ വാദം. കേസിലെ മറ്റു പ്രധാന സാക്ഷികളുടെ മൊഴി മാറ്റത്തിലും പ്രതിഭാഗത്തിന്റെ ഇടപെടലുകളുണ്ട് എന്നും പ്രോസിക്യൂഷന് ആരോപിയ്ക്കുന്നുണ്ട്. കേസില്‍ നിലവില്‍ ദിലീപ് എട്ടാംപ്രതിയാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍, ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.