തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്. സന്നദ്ധത അറിയിക്കാന്‍ ഹൈക്കമാന്‍ഡിനെ ഉടന്‍ അദ്ദേഹം കാണുമെന്നാണ് റിപ്പോര്‍ട്ട്.
നേമത്തും വട്ടിയൂര്‍ക്കാവിലും കരുത്തര്‍ സ്ഥാനാര്ത്ഥികളാവണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ആരാഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇരുവരുടെയും നിലപാട് ഇപ്പോഴും വ്യക്തമല്ല. നേരത്തേ നേമത്തോ വട്ടിയൂര്‍ക്കാവിലോ ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
കേരളത്തില്‍ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമത്തേത്. കഴിഞ്ഞ തവണ കെ സുരേന്ദ്രന് പിള്ളയായിരുന്നു ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. ആ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു. കരുത്തനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. വി ശിവന് കുട്ടിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരനായിരിക്കും ബി ജെ പി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.