ബന്ധു നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയെന്ന് ധനമന്ത്രി തോമസ് ഐസക്. മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങള്‍ക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് ധനമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി. ഈ യാഥാര്‍ത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയാനാവില്ല. സര്‍ക്കാരിനെതിരെ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട അക്രമസമരത്തിന്റെ സൂത്രധാരവേഷത്തില്‍ യുഡിഎഫ് ആണെന്ന് ആര്‍ക്കാണ് അറിയാത്തത്? ആരെ കബളിപ്പിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതുന്നത്? – ധനമന്ത്രി ചോദിക്കുന്നു.
തെറ്റിദ്ധാരണ കൊണ്ട് സമരരംഗത്തു നില്ക്കുന്ന ഉദ്യോഗാര്‍ത്ഥികളോട് ഒരു കാര്യം ഉത്തരവാദിത്തത്തോടെ പറയട്ടെ. പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കേണ്ട ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ നിന്നു മാത്രമേ നിയമനം നടത്താനാവൂ. ആ ഒഴിവുകളിലേയ്ക്ക് മറ്റാരെയും നിയമിക്കാനാവില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മുറയ്ക്ക് നിയമനവും നടക്കും. ഇതില്‍ ഏതെങ്കിലും വകുപ്പില്‍ പോരായ്മയുണ്ടെങ്കില്‍ അവ തിരുത്തുകതന്നെ ചെയ്യും.- തോമസ് ഐസക് വ്യക്തമാക്കി.