അമൃത്സര്‍: കാര്‍ഷിക ബില്ലിനെതിരെ അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയിലെ 169 ദിവസത്തെ ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍. ഗോതമ്ബ് വിളവെടുപ്പ് സീസണ് വരുന്നത് കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഇതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.
സമരരംഗത്തുള്ള മുഴുവന്‍ കര്‍ഷക സംഘടനകളുമായി കൂടിയാലോചിച്ചാണ് അമൃത്സര്‍-ഡല്‍ഹി പാതയിലെ ദേവിദാസ്പുരയിലെ ധര്‍ണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സവീന്ദര്‍ സിങ് വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദിവസമാണ് റെയില്‍വെ ട്രാക്കില്‍ മാസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നത്.
പഞ്ചാബിലേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് കര്‍ഷകര്‍ തടഞ്ഞത്. എന്നാല്‍ ഇതിനെതിരെ ചരക്ക് ട്രെയിനുകള്‍കൂടി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത് പഞ്ചാബിലെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.