സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് പിടിയില്‍. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ പരാതിയില്‍ കോഴിക്കോട്, കൊണ്ടോട്ടി പൊലീസാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. മുക്കം സ്വദേശികളായ ജസീം, തന്‍സീം എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിന്തുടര്‍ന്ന വാഹനവും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തവര്‍ക്ക് സ്വര്‍ണക്കടത്ത്, ഹവാല ബന്ധമില്ല, വിദേശത്തും പോയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് റിപ്പോര്‍ട്ട്.
മലപ്പുറം എടവണ്ണപ്പാറയ്ക്കടുത്താണ് സംഭവം.കഴിഞ്ഞ ദിവസം വയനാട് കല്‍പ്പറ്റയിലെത്തിയ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഉച്ചയോടെയാണ് മടങ്ങിയത്. 2.45 ന് മുക്കം കഴിഞ്ഞ് എടവണ്ണപാറയ്ക്കടുത്തെത്തിയപ്പോള് നാല് വാഹനങ്ങള്‍ പിന്തുടര്ന്നു. ഇടക്ക് മുന്നില്‍ ഓടിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ സാധിക്കാത്തവിധം ബ്ലോക്ക് ചെയ്തു. ബൈക്കിലും കാറിലുമായിരുന്നു സംഘം. കൊണ്ടോട്ടി വരെ പിന്തുടര്ന്നു. തന്റെ വാഹനത്തിന്റെ ഡ്രൈവര്‍ വേഗത്തില്‍ സ്ഥലത്തു നിന്നും പോയതിനാലാണ് രക്ഷപെട്ടതെന്ന് സുമിത് കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.