തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അഭിഭാഷകയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം സ്വദേശിനി ദിവ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അടുത്തിടെ നോട്ടീസ് നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.
ദിവ്യയുടെ ഫോണ്‍ കോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍, സിം കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ചോദ്യം ചെയ്യലിന് എത്തുമ്ബോള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, കള്ളക്കടത്തുമായി തനിയ്ക്ക് ബന്ധമില്ലെന്നും സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നും ദിവ്യ പ്രതികരിച്ചു. എന്നാല്‍, എങ്ങനെയാണ് ഇവര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.