ന്യൂഡല്‍ഹി: കെ വി തോമസിനെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിന്റാക്കുന്ന സംബന്ധിച്ച് ശുപാര്‍ശയ്ക്ക് അംഗീകാരമായി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കെപിസിസിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. എന്നാല്‍ തനിക്ക് ഔദ്യോഗികമായ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായ കെ വി തോമസ് പാര്‍ട്ടി വിടകയാണെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. പാര്‍ട്ടി വിടുകയാണെന്ന ചര്‍ച്ച ശക്തിപ്പെട്ടതോടെ സോണിയ ഗാന്ധി നേരിട്ട് അനുനയനീക്കം നടത്തുകയായിരുന്നു. കെ വി തോമസ് തനിക്കെതിരായ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ പരാതിപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ മേല്‍നോട്ട സമിതിയില്‍ സ്ഥാനം, മകള്‍ക്ക് സീറ്റ് എന്നിവയായിരുന്നു കെ വി തോമസ് ഹൈക്കമാന്‍ഡിന് മുന്നിലേക്ക് വച്ച ഉപാധികള്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുതിര്‍ന്ന നേതാവിന്റെ വിട്ടുപോകല്‍ തിരിച്ചടിയാകുമെന്നായിരുന്നു ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഇതോടെ എഐസിസിയും കെപിസിസിയും തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തുകയായിരുന്നു.