ചെന്നൈ: തമിഴ്നാട്ടിലെ വിരുതുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 30ഓളം പേര് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്.
പടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മൂന്നുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി.
ഏഴായിരംപന്നൈ പൊലീസ് സ്റ്റേഷന് പരിധിയിലെ അച്ചന്‍കുളം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന മാരിയമ്മാള്‍ പടക്കനിര്‍മാണ ശാലയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടര്‍സ്ഫോടനങ്ങള്‍ കുറെ സമയത്തേക്ക് തുടര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സിനും പൊലീസിന് ആദ്യം സംഭവസ്ഥലത്തേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സാത്തൂര്‍, ശിവകാശി, വെമ്ബകോൈട്ട തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പടക്കനിര്‍മാണം നടത്തുന്ന നാലു കെട്ടിടങ്ങളോളം തകര്‍ന്നു.