കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധന ഇന്ന് പൂര്‍ത്തിയാകും. പരിശോധനാ റിപ്പോര്‍ട്ട് ഉച്ചയോടെ ഡി.എം.ആര്.സി സര്‍ക്കാരിന് കൈമാറിയേക്കും. പാലാരിവട്ടം ഫ്ളൈഓവറിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന് അറിയിച്ചു. ഡിഎംആര്‍സി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാന ദിവസമിതാണെന്നും തെരഞ്ഞെടുപ്പില്‍ നോമിനേഷന് നല്‍കുന്നതിന് മുമ്ബ് ഡിഎംആര്‍സിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയില്‍ നിന്നും രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് സന്തോഷ മുഹൂര്‍ത്തമാണ്. പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദി. പാലം എന്ന് തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.’- അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയ്ക്കുള്ളില്‍ പാലം ആര് ബി ഡി സി കെയ്ക്ക് കൈമാറുമെന്നും ശ്രീധരന് അറിയിച്ചു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാല്‍ കൂടുതല്‍ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാക്കും പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.