ലക്നൗ: യു.പിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പന്തളം സ്വദേശി അന്‍സാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്ഫോടകവസ്തുക്കള്‍ വിതരണം ചെയ്തതായി യുപി പൊലീസ് പറഞ്ഞു.
ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്ക്വാഡ് തലവനാണെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്നൗവിന് സമീപമുളള ക്രൂക്രിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ എത്തിയതെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറിയതായും എഡിജിപി അറിയിച്ചു.