സിനിമയാണ് സുധിയുടെ വഴി . ഡയലോഗ് പോലുമില്ലാത്ത സീനുകളിൽ നിന്ന് മുഴുനീള റോളുകളിലേക്ക് അയാൾ നടന്നുകയറിയത് പെട്ടെന്ന് ഒന്നുമല്ല . 13 വർഷമെടുത്തു , സുധി കോപ്പ ശരിയായ സിനിമാക്കാരനാവാൻ.
പള്ളുരുത്തിക്കാരൻ സുധി സിനിമ ഡയലോഗുകൾ കേട്ടാണ് വളർന്നത് .അമ്മയും അച്ഛനും റിലീസാകുന്ന എല്ലാ സിനിമകൾക്കും പോകുമായിരുന്നു .കടയിൽ നിന്ന് സാധനം പൊതിഞ്ഞ് തരുന്ന കടലാസിലെ സിനിമാ വാർത്തകൾ അരിച്ച് പെറുക്കി വായിക്കുമായിരുന്നു . . അങ്ങനെ സിനിമയോട് കൂടുതൽ അടുത്തു .അതേ സിനിമ തന്നെ ഉറക്കം കെടുത്തി തുടങ്ങി .
ബസ്സിൽ പോകുമ്പോൾ ഷൂട്ടിംഗ് നടക്കുന്നത് കണ്ടാൽ അവിടെ ഇറങ്ങും. അച്ഛൻ ബാലെ നടനായിരുന്നെങ്കിൽ കൂടിയും സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രം നാടകത്തിൽ അഭിനയിച്ച കഴിഞ്ഞ കാലവും സുധിക്കുണ്ട് .
എല്ലാ പുതുമുഖങ്ങളെയും പോലെ ചാൻസ് കിട്ടാൻ കുറെ അലഞ്ഞു . പുതുമുഖങ്ങളെ നായകനായും നായികയായും മാത്രം പരിഗണിച്ച് തുടങ്ങിയ കാലത്തായിരുന്നു സുധി ചാൻസ് ചോദിച്ചു തുടങ്ങിയത് . അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ . എന്നാലും പ്രതീക്ഷ കൈവിട്ടില്ല. കുറെയേറെ ഒഡീഷനുകളിൽ പങ്കെടുത്തതുകൊണ്ട് മാത്രം
ഒഡീഷനേഴ്സിന്റെ സംസ്ഥാന അസോസിയേഷൻ പ്രസിഡണ്ടായി വരെ ആളുകൾ വിളിച്ചു തുടങ്ങി .
സാഗർ ഏലിയാസ് ജാക്കിയായിരുന്നു ആദ്യ ചിത്രം.പിന്നീട് സീനിയേഴ്സിൽ സ്റ്റുഡന്റായും അഭിനയിച്ചു . നാടക പശ്ചാത്തലമുണ്ടായിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലേക്കുള്ള വഴി തുറന്നു . ഫഹദ് ഫാസിലിന്റെ സഹോദരിയുടെ പിന്നാലെ നടക്കുന്ന സെബാസ്റ്റിയൻ ശ്രദ്ധിക്കപ്പെട്ടു . പേരിനൊപ്പം സ്ഥലപ്പേര് കൂടെ ചേർത്ത് സുധി ,സുധി കോപ്പയായി മാറി .
പിന്നാലെ മിഥുൻ മാനുവൽ തോമസിന്റെ ആടിലെ കഞ്ചാവ് സോമനിലൂടെ സുധി മലയാള സിനിമയിലെ തന്റെ സ്‌പേസ് ഒന്നുകൂടെ സ്മൂത്താക്കി . 2016 ൽ ഡാർവിന്റെ പരിണാമം, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും അദ്ദേഹത്തിന് സാധിച്ചു.
ഹിറ്റ് മേക്കർ സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പൊറിഞ്ചു മറിയം ജോസിലെ ഡിസ്കോ ജോസും പൈപ്പിൻ ചോട്ടിലെ പ്രണയത്തിലെ അയ്യപ്പനും സുധി കോപ്പയിലെ നടനെ വരച്ചിട്ടു .
ഷാഹി കബീറിന്റെ ഇലവീഴാ പൂഞ്ചിറയിലെയും ഖാലിദ് റഹ്മാന്റെ ലവിലെയും പദ്മകുമാറിന്റെ ജോസഫിലെയും വേഷങ്ങളും ശ്രദ്ധ നേടി.
ചെറിയ വേഷങ്ങളാണെങ്കിലും നല്ല സിനിമകളുടെ ഭാഗമാവാനുള്ള മനസ്സും ശ്രമവുമാണ് സുധിയെന്ന നടനെയും കലാകാരനേയും വളർത്തിയത് . വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്‌സിലെ റോബിൻ വക്കീൽ ഒരുപാട് ചിന്തിപ്പിച്ച ഒരു കഥാപാത്രമായിരുന്നു .
വരും വർഷങ്ങളിലും സുധി കോപ്പ വിസ്മയിപ്പിക്കുമെന്നത് തീർച്ച. അത് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഇനി ഇറങ്ങാനുള്ള ചിത്രങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മാത്രം മതി .