ദൈവത്തിന് കത്തയക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട് ?എന്നാൽ അതിനുള്ള സൗകര്യം ലോകത്തെ ഏറ്റവും വലിയ തപാൽ സംവിധാനമായ ഇന്ത്യൻ തപാലിന് കീഴിലുണ്ടെന്ന് അറിയാമോ ??
ഇന്ത്യയിലെ ആകെയുള്ള 154,725 പോസ്റ്റ് ഓഫീസുകളിൽ രണ്ടെണ്ണം പ്രത്യേകമായി അനുവദിച്ചതാണ് . .
രാഷ്ട്രപതിയെക്കൂടാതെ, ഇന്ത്യൻ തപാൽ വകുപ്പ് സ്വന്തമായി പോസ്റ്റോഫീസ് അനുവദിച്ചത് മലയാളികളുടെ പ്രിയപ്പെട്ട ദൈവമായ ശബരിമല അയ്യപ്പനാണ്.
അയ്യപ്പന്റെ വാസസ്ഥലമായ ശബരിമലയുടെ പേരിലാണ് ആ പോസ്റ്റോഫീസ് അനുവദിച്ചത്. 689713 ആണ് ഈ പോസ്റ്റോഫീസിന്റെ പിൻകോഡ്.ശബരിമലയിലെ പ്രധാന തീർത്ഥാടന കാലമായ മകരവിളക്ക് സമയത്ത് മാത്രമാണ് ഇത് തുറന്ന് പ്രവർത്തിക്കുക .
ശബരിമലയിൽ എത്തിച്ചേരുന്ന ഭക്തരേക്കാൾ കൂടുതൽ ഈ തപാൽ ഓഫീസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് തീർത്ഥാടന കാലത്ത് ഇവിടെ എത്തിച്ചേരാനാകാത്തവരാണ്. . ഇൻലൻഡും കാർഡുകളും വില്ക്കുന്നതിന് പുറമെ വിവിധ മൊബൈൽ സേവന ദാതാക്കളുടെ സിം കാർഡുകൾ റീചാർജ് ചെയ്യാനുള്ള സൗകര്യവും മറ്റും ഈ പോസ്റ്റോഫീസ് ചെയ്തു കൊടുക്കുന്നുണ്ട് .
ഇഷ്ടദേവനായ അയ്യപ്പനോടുള്ള ഭക്തി അറിയിച്ചും തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാനുള്ള പ്രാർത്ഥനകൾ കുറിച്ചും ഒട്ടേറെ ഭക്തർ അയ്യപ്പന്റെ പേരിൽ ഇവിടേക്ക് കത്തുകൾ അയക്കാറുണ്ട്.അതിന് പുറമെ വിവാഹ ക്ഷണക്കത്തുകൾ, ഗൃഹപ്രവേശ ക്ഷണക്കത്തുകൾ, എന്നിവയും നേർച്ചപ്പണമായി മണി ഓർഡറുകളും ഇവിടേക്കയക്കാറുണ്ട്.
തപാൽ വകുപ്പ് ജീവനക്കാർ അതൊക്കെയും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്.
അയ്യപ്പന്റെ മേൽ വിലാസത്തിൽ ഈ തപാൽ ഓഫീസിൽ ലഭിക്കുന്ന കത്തുകളുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ വായിച്ചു തീർക്കാനാകാത്തത്രത്തോളമുണ്ടത്രെ.
മറ്റൊരു പോസ്റ്റോഫീസിനുമില്ലാത്ത വേറൊരു പ്രത്യേകത അയ്യപ്പൻറെ പോസ്റ്റോഫീസിനുണ്ട് .
ഇവിടെയുള്ള തപാൽ മുദ്ര രൂപ കല്പന ചെയ്തത് അയ്യപ്പന്റെ ചിത്രവും ശ്രീകോവിലിലേക്ക് കയറാനുള്ള 18 പടികളുടെ ചിത്രവും ചേർത്താണ് .1974- മുതലാണ് പ്രത്യേകമായ ഈ തപാൽ മുദ്ര ഉപയോഗിച്ചു തുടങ്ങിയത്.രാജ്യത്ത് മറ്റെവിടെയും തപാൽ വകുപ്പ് തങ്ങളുടെ സീൽ അല്ലാതെ വ്യത്യസ്തമായ ഒരു തപാൽ സീൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല.
പതിനെട്ടാം പടി ചിത്രമായുള്ള തപാൽ മുദ്രയുടെ ഈ പ്രത്യേകത മനസ്സിലാക്കിയ നിരവധി ഭക്തർ തങ്ങളുടെ വീട്ടിലുള്ളവർക്കും പ്രിയപ്പെട്ടവർക്കും ഇവിടെ നിന്ന് കത്തുകൾ അയയ്ക്കാറുണ്ട്. ആ സീൽ പതിഞ്ഞ ഇൻലൻഡോ കവറോ കാർഡോ ഭദ്രമായി സൂക്ഷിച്ചുവെക്കാനാണ് ഇങ്ങനെ ചെയ്യുന്നത് .
ഈ തപാൽ സീൽ ഇവിടെ മാത്രമേ ഉപയോഗിക്കാനും അനുമതിയുള്ളൂ. ശബരിമല സീസൺ കഴിയുന്നതോടെ പത്തനംതിട്ട തപാൽ സൂപ്രണ്ടിന്റെ ഓഫീസിൽ ഭദ്രമായി സൂക്ഷിച്ചു വയ്ക്കാറാണ് പതിവ്. പിന്നീടത് പുറത്തെടുക്കുന്നത് അടുത്ത ഉത്സവ സീസണിൽ മാത്രമായിരിക്കും.
സെൽഫികൾ പതിവായ സമീപകാലത്ത് മറ്റൊരു പുതുമയും ഈ പോസ്റ്റോഫീസിന്റെ കീഴിൽ നടപ്പാക്കിയിട്ടുണ്ട്.
ഇവിടെ നിന്ന് കത്തയക്കുന്നവർക്ക് ,ശബരിമല ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ അവർ നിൽക്കുന്ന ഫോട്ടോ ഉൾപ്പെടുത്തിയുള്ള സ്റ്റാമ്പ് ഒട്ടിച്ചു കത്തയക്കാനുള്ള ഒരു പ്രത്യേക സംവിധാനമാണത്.
എന്ന് വച്ചാൽ ഓരോ ഭക്തനും തങ്ങളുടെ ഫോട്ടോ ഉൾപ്പെടുത്തി തപാൽ സ്റ്റാമ്പ് ഉണ്ടാക്കാൻ പറ്റുമെന്നർത്ഥം.
അതിനായി ഇൻസ്റ്റന്റായി ഫോട്ടോ ഉൾപ്പെടുത്തി സ്റ്റാമ്പ് നിർമിച്ചു കൊടുക്കുന്ന ഒരു പാക്കേജ് തന്നെ തപാൽ വകുപ്പന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട് .
300 രൂപ നൽകി അമ്പലത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന സ്റ്റാമ്പ് വേണം എന്നാവശ്യപ്പെട്ടാൽ പോസ്റ്റൽ ജീവനക്കാർ ഉടനടി ക്ഷേത്രത്തിന്റെ ചിത്രമുള്ള കട്ടൗട്ടിന് മുന്നിൽ നിങ്ങളെ നിർത്തി ഫോട്ടോ എടുത്ത് ക്ഷേത്ര പശ്ചാത്തലത്തിൽ നിൽക്കുന്നതു പോലെ അത് അച്ചടിച്ചു തരുന്ന സംവിധാനമാണത്. 300 രൂപയ്ക്ക് 12 സ്റ്റാമ്പുകൾ ലഭിക്കും. ആർക്കെങ്കിലും കത്തുകൾ അയക്കുന്ന സമയത്ത് ഇത് തന്നെ തപാൽ സ്റ്റാമ്പായി ഉപയോഗിക്കാനുമാകും.
എന്നാൽ ചൂടോടെ അയ്യപ്പനൊരു കത്തയച്ചാലോ ???